കോഴിക്കോട്: വിലങ്ങാട്, കല്ലാച്ചി മേഖലകളില്‍ ശക്തമായ മഴയ്ക്കൊപ്പം മിന്നല്‍ചുഴലിയും. കനത്ത കാറ്റിൽ വന്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു.
നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ് , ചിയ്യൂര് , ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മേഖലകളിലുമാണ് മിന്നല്‍ ചുഴലി നാശം വിതച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാറ്റ് വീശിയത്.
വീടുകള്‍ക്ക് മുകളില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു. വീടുകള്‍ മരം വീണ് തകര്‍ന്നു. പല വീടുകളുടെയും ഓടുകള്‍ പാറിപ്പോയി. കല്ലാച്ചിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു.
വിലങ്ങാട് ഉരുട്ടി , വാളൂക്ക് പ്രദേശങ്ങളിലും അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മേല്‍ പതിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്. കല്ലാച്ചിയില്‍ വൈദ്യുതി ബന്ധവും താറുമാറായി.മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ മേഖല ഇരുട്ടിലായി. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.